മാനവരാശിക്ക് കാലാനുസൃതമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി വ്യതിയാനങ്ങളിലും, ആധുനികതയുടെ ഭാവത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ധർമ്മച്യുതിയിലും ആശ്ചര്യപ്പെടുത്തുന്നതായി ഒന്നും തന്നെ ഇല്ല. ഇത് കലിയുഗമാണ്. ഈ യുഗധർമ്മമാണ് കലഹം, അത്യാഗ്രഹം, ദുഷ്ടബുദ്ധി മുതലായവ. ധർമ്മം ക്ഷയിക്കുന്ന കാലം. ഈ കാലത്ത് അനുഭവപ്പെടുന്ന കഷ്ടതകൾക്കെല്ലാം പരിഹാരവും ഉണ്ട് എന്നതും, അത് നമ്മിൽ തന്നെ നിക്ഷിപ്തതമാണെന്നും തിരിച്ചറിയേണ്ട സമയമായി.
ധർമ്മനിഷ്ഠമായ ജീവിതവും, അതിലേക്ക് നയിക്കുന്ന ആചാരങ്ങളും കർമ്മങ്ങളും അവലംബിക്കുക എന്നതു മാത്രമാണ് ഇതിന് ഏക പരിഹാരം. ഈ ലക്ഷ്യത്തോടെ എല്ലാ ജനങ്ങളേയും ഭാഗഭാക്കാക്കിക്കൊണ്ട് ധനധാന്യ സമൃദ്ധിക്കും, ആയുരാരോഗ്യ സൗഖ്യത്തിനും, കുടുംബ, സന്താന പുരോഗതിക്കും, വ്യാപാര വ്യവസായ പുരോഗതിക്കും, പ്രകൃതി ഗോ സംരക്ഷണത്തിനും വേണ്ടി ഈശ്വരേച്ഛപ്രകാരം ഋഷിപരമ്പരയുടെ അനുഗ്രഹത്തോടെ, ശ്രീ സംഗമേശാനന്ദ വേദിക് ഫൗണ്ടേഷൻ രുദ്രാപീഠത്തിൻ്റെ ആഭിമുഖ്യത്തിൽ പീഠാധീശ്വർ സാധ്വി ദേവി സംഗമേശാനന്ദ സരസ്വതിയുടെ മുഖ്യ ആചാര്യത്വത്തിൽ, മാളികപ്പുറം മുൻമേൽ ശാന്തി ബ്രഹ്മശ്രീ ശംഭു നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്ത്വത്തിലും, പ്രശസ്‌ത തന്ത്രി ശ്രേഷ്ഠൻ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടും ധർമ്മപത്നിയും യജമാനത്ത്വം അലങ്കരിക്കുന്ന ഈ മഹായജ്ഞത്തിൽ മഹാഗണപതി, ഗായത്രീദേവി, മഹാലക്ഷ്മീ, നൃസിംഹം, ധന്വന്തരീ മൂർത്തി, നവഗ്രഹങ്ങൾ എന്നീ ദേവതകൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് ന്യസിംഹ ധന്വന്തരി മഹായജ്ഞം 2026 മേയ് മാസം 18, 19, 20, 21 തിയ്യതികളിൽ ഇരിഞ്ഞാലക്കുട ചെമ്മണ്ടയിൽ സ്ഥിതി ചെയ്യുന്ന പുണ്യപുരാതന ക്ഷേത്രമായ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഗാത്രത്തിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. അഗ്നികർമ്മങ്ങൾക്ക് പ്രാധാന്യം അനിവാര്യമായ ഈ കലികാലത്തിൽ എത്രയും കൂടുതൽ അഗ്നികർമ്മങ്ങളിൽ സംബന്ധിക്കേണ്ടതാണെന്ന് ഓർമ്മിപ്പിക്കുന്നു. യജ്ഞ ഭൂമിയായ ഇരിഞ്ഞാലക്കുടയിലെ ജനങ്ങൾഒത്തൊരുമിച്ച് നിർവ്വഹിക്കുന്ന ഈ യജ്ഞം ലോക നന്മയെ ലക്ഷ്യം വെയ്ക്കുന്നു.